Thursday, July 31, 2008

കുറച്ചു ചൈനാ വിശേഷങ്ങൾ


ടിയാനമെൻ

ടിയാനമെൻ എന്ന പേരിന്റെ അർത്ഥം സ്വർഗ്ഗീയ സമാധാനത്തിലേക്കുള്ള കവാടം. ഇതിന്റെ നേരെ എതിർവശത്താൺ ടിയാനമെൻ സ്ക്വയർ.


ടിയാനമെൻ സ്വയർ



ഒളിമ്പിക്സ് പ്രമാണിച്ച് ചൈന നല്ല തയ്യാറെടുപ്പുകളാൺ നടത്തിയിരിക്കുന്നത്. പൊതുവേ എല്ലായിടത്തും എയർപോർട്ടിൽ പ്രത്യേകിച്ചും ധാരാളം വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ ടാ‍ക്സികൾക്കും മീറ്ററുണ്ട്. ടാക്സിച്ചാർജും കുറവാൺ. (ഡെൽഹിയിലെ ടാക്സികളിലെപ്പോലത്തെ മീറ്ററുകളുമല്ല). പ്രധാനപ്രശ്നം ടാക്സി ഡ്രൈവർമാർക്ക് ആ‍ർക്കും ഇംഗ്ലീഷ് അറിയില്ല്ല എന്നതാൺ. എല്ലാ സ്ഥലങ്ങൾക്കും ആളുകൾക്കും ചൈനീസ് പേരുണ്ട്. അതു പറഞ്ഞാലേ അവർക്ക് മനസ്സിലാ‍വൂ. ജാക്കിചാനെയും ജെറ്റ്ലിയെയുമൊന്നൂം ചൈനക്കാർക്ക് അറിയില്ല എന്നു കേട്ടപ്പോൾ ഒന്ന് ഞെട്ടി. പിന്നീടാൺ ഇവരൊക്കെ അറിയപ്പെടുന്നത് ചൈനീസ് പേരിലാൺ എന്നൂ മനസ്സിലാ‍ക്കിയത്.


ഇതാ കുറച്ച് ചൈനീസ് പേരുകൾ


ചൈന - സോങ്ഗൂ


ജാക്കിചാൻ - ചെങ്ലോങ്


ജെറ്റ്ലി - ലിലിയാഞ്ചെ



ഹോട്ടലുകളിൽ ഭക്ഷണത്തിനും നിരക്ക് വളരെ കുറവാൺ. ഒരു പാട് തരത്തിലുള്ള വിഭവങ്ങൾ പരീക്ഷിക്കാൻ പറ്റി. ഒളിമ്പിക്സ് പ്രമാണിച്ച് പട്ടിയിറച്ചിയും പാമ്പിനെയും നിരോധിച്ചിരിക്കുകയാണത്രേ. ചൈനക്കാർ പൊതുവേ പട്ടിയിറച്ചി കഴിക്കുന്നവരല്ല. കൊറിയയോട് ചേർന്നു കിടക്കുന്ന ഭാഗങ്ങളിലുള്ളവർ മാത്രമേ അതു കഴിക്കൂ എന്നാൺ സുഹൃത്ത് പറഞ്ഞത്. പാമ്പിനെ തിന്നു നോക്കണം എന്നുണ്ടായിരുന്നു. ചേരയെ തിന്നുന്ന നാട്ടിൽ എത്തിയതല്ലേ. അതിനെ കിട്ടാത്തതിലുള്ള ദേഷ്യം തവളക്കാ‍ലിൽ തീർത്തു. ഹോട്ടലിലെ മെനുവിൽ കാറ്റർപില്ലർ വിഭവവും കണ്ടു. പരീക്ഷിച്ചില്ല. അവർ ഇതിനെ വളർത്തുന്നതാണത്രേ. ടോണിക് ഉണ്ടാക്കാൻ ഉറുമ്പിനെ വരെ വളർത്തുന്നുണ്ട് അവർ. ചില ഹോട്ടലുകളിൽ നീന്തിക്കളിക്കുന്ന മീനുകളെയും ഇറുക്കു കാലുകൾ കെട്ടിയിട്ടിരിക്കുന്ന ഞണ്ടുകളേയും കാണാം.



അവിടെ ഒരു ഹോട്ടലിൽ, മേശപ്പുറത്ത് തന്നെ പാചകം ചെയ്ത് കഴിക്കുന്ന രീതിയും(hotpot) പരീക്ഷിച്ചു. ഒരറ്റത്തു നിന്നും ബീഫും മട്ടനുമെല്ലാം നമ്മൾ ഇട്ടു കൊണ്ടിരിക്കും. പത്തുമിനിറ്റിനുള്ളിൽ എടുത്ത് കഴിക്കുകയും ചെയ്യും. നാട്ടിലാണെങ്കിൽ പ്രഷർ കുക്കറിലിട്ട് നാലും അഞ്ചും വിസിലടിപ്പിച്ചേനെ. ചോപ് സ്റ്റിക് ഉപയോഗിച്ചു നോക്കാതെ ചൈനയിൽ പോയത് മണ്ടത്തരമായി. സ്പൂണും ഫോർക്കുമൊക്കെ ഹോട്ടലുകളിൽ ഉണ്ടാവാറില്ല. കഴിക്കാൻ ശരിക്കും കഷ്ടപ്പെട്ടു. പൊതുവേ ചൈനീസ് വിഭവങ്ങളുടെ സ്വാദ് നമ്മൾ മലയാളികൾക്ക് ഇഷ്ടപ്പെടും. കോഴിയിറച്ചി വളരെ ഇഷ്ടമായി. പക്ഷേ കുറച്ചു കഴിഞ്ഞപ്പോഴാ‍ണ് കോഴിയുടെ കാലും വിരലുകളും വരെ കറിയിൽ ഉള്ളത് ശ്രദ്ധിച്ചത്. ഇവരൊന്നും വേസ്റ്റാക്കില്ല എന്നു തോന്നുന്നു.



ബെയ്ജിങ്ങിൽ റോഡിൽ വിചാരിച്ചത്ര ട്രാഫിക്ക് ഇല്ല എന്നു ശ്രദ്ധിച്ചു. ട്രാഫിക്ക് ബ്ലോക്കുകളും കുറവ്. കാരണം അന്വേഷിച്ചപ്പോളാൺ മനസ്സിലായത്. അവിടെ ഒരു ദിവസം ഒറ്റ നമ്പറുള്ള വാഹനങ്ങളേ ഓടാൻ പാടുള്ളു. അടുത്ത ദിവസം ഇരട്ട നമ്പർ ഉള്ള വാഹങ്ങൾക്ക് ഓടാം. ഹൈവേയിൽ ഒരു വരി ഒളിമ്പിക്സ് വാഹനങ്ങൾക്ക് മാത്രമായി തിരിച്ചിട്ടിരിക്കുന്നു. ആ വരിയിലേക്ക് മറ്റു വാഹനങ്ങളൊന്നും ഇപ്പോഴും(ഒളിമ്പിക്സിനു ഒരു മാസം മുമ്പും) കയറാൻ അനുവദിച്ചിട്ടില്ല. (അത്യാവശ്യം ഓവർടേക്കിങ്ങിൻ ചിലർ കയറുന്നുണ്ട്.). മലിനീകരണം കൂടുതലാൺ എന്ന് തോന്നുന്നു. നട്ടുച്ചക്കും മഞ്ഞ് പോലെ ഒരു മൂടൽ ഉണ്ടാവും. ഓഫീസുകളിൽ പവർ ഉപയോഗിക്കുന്നതിനും പല നിയന്ത്രണങ്ങളും ഉണ്ട്. എ.സി യിൽ ടെമ്പറേച്ചർ 20 ഇൽ താഴെ കുറയ്ക്കാൻ പാടില്ല അത്രേ. 10 മണിക്ക് എല്ലാ ദീപാലങ്കാരങ്ങളും ഓഫ് ചെയ്യും. ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ ഉൾപ്പെടെ.

ഷോപ്പുകളില്‍ പുറമേ നിന്നു വരുന്നവരോട് സംസാരിക്കാന്‍ ഗൂഗിള്‍ ട്രാന്സ്ലേറ്റര്‍ ആണ്‍ പ്രധാനസഹായി. മനസ്സിലാക്കാന്‍ പറ്റാതെ വന്നാല്‍ ഗൂഗിള്‍ ട്രാന്സ്ലേറ്ററില്‍ ടൈപ്പ് ചെയ്ത് കൊടുക്കാന്‍ പറയും.

പേൾ ബസാർ എന്ന മാർക്കറ്റിൽ പോയിരുന്നു. ഇവിടെ എന്തു വാങ്ങണമെങ്കിലും വിലപേശിയേ വാങ്ങാൻ പറ്റൂ. വിൽക്കാവുന്ന വിലയുടെ 10 ഇരട്ടിയും 20 ഇരട്ടിയുമൊക്കെയായിരിക്കും വില പറയുക. 1200 RMB വില പറഞ്ഞ സാധനം അവസാനം ഞാൻ വാങ്ങിയത് 50 RMB ക്ക്. (ഇനി ഇൻഡ്യാക്കാരെ കണ്ടാൽ അവർ തല്ലുമോ ആവോ.) ഇലക്ട്രോണിക് സാധനങ്ങൾക്കും കളിപ്പാട്ടങ്ങൾക്കും വില വളരെ കുറവാൺ. ഒരു ഐഫോണെടുത്ത് ഒരുത്തൻ ഇത് ഡൂ‍പ്ലിക്കേറ്റാണോ എന്ന് ചോദിക്കുന്നത് കണ്ടു. അതു ഡൂപ്ലീക്കേറ്റ് അല്ല ചൈനീസ് മേക്കാണെന്ന് മറുപടിയും കേട്ടു. ഷോപ്പുകളിൽ മുഴുവൻ പെൺകുട്ടികളാൺ. അവർ നന്നായി ഇംഗ്ലീഷ് സംസാരിക്കുക്കയും ചെയ്യും. എങ്കിലും വിലപേശൽ കാൽക്കുലേറ്ററിലാൺ. അവർ ഒരു വില കാൽക്കുലേറ്ററിൽ ടൈപ്പ് ചെയ്തു കാണിക്കും. നമുക്ക് വാങ്ങാവുന്ന വില നമുക്കും ടൈപ്പ് ചെയ്യാം. സാധാരണഗതിയിൽ ഏതെങ്കിലും സാധനം നോക്കിപ്പോയാൽ പിന്നെ അതു വാങ്ങിപ്പിക്കാതെ അവർ വിടില്ല. സുന്ദരിപ്പെൺകുട്ടികൾ കൈയിൽ പിടിച്ച് പ്ലീസ്, എനിക്കു വേണ്ടി ഇതു വാങ്ങിക്കില്ലേ എന്നു പ്രണയപുരസ്സരം ചോദിച്ചാൽ ഏതൊരു കഠോരഹൃദയനും അവർ പറയുന്ന കാ‍ശുകൊടുത്തു വാങ്ങിച്ചു പോവില്ലേ. ഷോപ്പിങ്ങ് നടത്തി രണ്ടരമണിക്കൂർ കഴിഞ്ഞു പോയത് അറിഞ്ഞില്ല.


Saturday, July 26, 2008

ചൈനീസ് കിളിക്കൂട് (ഒളിമ്പിക്സ് സ്റ്റേഡിയം - Bird's Nest)


Bird's Nest - 1

Bird's Nest - 2



ഇതു മീഡിയക്കാര്ക്ക് വേണ്ടിയാണെന്നു തോന്നുന്നു. എന്തായാലും ഒരു വഴിക്കു പോകുന്നതല്ലേ ഇരിക്കട്ടെ എന്നു വിചാരിച്ചു.



Water Cube - നീന്തല്‍, ഡൈവിങ്ങ്, വാട്ടര്‍ പോളോ മല്സരങ്ങള്‍ ഇവിടെയായിരിക്കും.


കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.