Thursday, October 25, 2007

നാടന്‍ പട്ടിക്കും പേരു വേണം

നമ്മുടെ നാട്ടിലൊക്കെ കാണുന്ന നാടന്‍ പട്ടിക്ക് ഒരു ഇംഗ്ലീഷ് പേരുണ്ടോ? കാരണം പട്ടികളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ അല്‍‌സേഷ്യന്‍, ഡൊബര്‍മാന്‍, ഡാഷ്‌ഹണ്ട് അങ്ങനെ എല്ലാ പട്ടികളുടെയും വിവരം കിട്ടും. നാടന്‍ പട്ടിയെക്കുറിച്ച് ഒരു വിവരവും ഇല്ല. രാജപാളയം പട്ടിയെപ്പോലെ കേരളത്തിലെ നാടന്‍ പട്ടിക്കും ഒരു പേരു വേണ്ടേ?

വെറുതേയിങ്ങനെയിരിക്കുമ്പോള്‍ നാടന്‍ പട്ടിയോടു സ്നേഹം തോന്നാന്‍ കാരണം എന്റെ ഒരു പട്ടിയുടെ പഴയൊരു ഫോട്ടോ ഇന്നലെ കിട്ടിയതാണ്. (പിന്നെ വേറൊരു കാരണം കൂടി ഉണ്ട്, ഇന്റര്‍നെറ്റില്‍ ബുദ്ധിയുള്ള പട്ടികളുടെ ലിസ്റ്റ് നോക്കിയപ്പോള്‍ ഒക്കെ സായിപ്പു പട്ടികള്‍, രക്തം തിളപ്പിക്കേണ്ടവര്‍ക്കു തിളപ്പിക്കാന്‍ ഇതു മതി). ഇപ്പോള്‍ വീട്ടിലുള്ള അല്‍‌സേഷ്യനേയും നാടനേയും ഒന്നു താരതമ്യപ്പെടുത്തി നോക്കി. അല്‍‌സേഷ്യന്‍ കൊള്ളാം. പെട്ടെന്നു പഠിക്കും. ബുദ്ധിയുള്ള പട്ടികളുടെ നിരയില്‍ അല്‍‌സേഷ്യന്‍ മൂന്നാമനാണ്. പക്ഷെ എനിക്ക് പലപ്പോഴും അല്‍‌സേഷ്യന്‍ നാടന്‍ പട്ടിയേക്കാള്‍ അത്ര മെച്ചമായി തോന്നിയിട്ടില്ല. കാരണം പറയാം.


ആദ്യം ഉണ്ടായിരുന്ന നാടനും അത്യാവശ്യം കാര്യങ്ങള്‍ അറിയുമായിരുന്നു. നല്ല അനുസരണയായിരുന്നു. പുഴയില്‍ കുളിക്കാന്‍ പോകുമ്പോള്‍ സോപ്പ് കൊണ്ടുവരാനും കളിക്കാന്‍ പോകുമ്പോള്‍ ഷട്ടിലോ നെറ്റോ കൊണ്ടുവരാനും അറിയുമായിരുന്നു. പുഴയില്‍ കുളിക്കുമ്പോള്‍ എന്നോടൊപ്പം പുഴക്കു കുറുകേ നീന്താനും അവനു താല്പര്യമായിരുന്നു. ഏതാണ്ട് 15 ഓളം ഉടുമ്പുകളേയും നാലു മരപ്പട്ടികളേയും കുറേ പൂച്ചകളേയും അവന്‍ പിടിച്ചിട്ടുണ്ട്. എലികള്‍, തൊരപ്പന്‍ എന്നിവയുടെ എണ്ണവും ഇല്ല. 12 വയസ്സായതിനു ശേഷം വന്ന കാന്‍സര്‍ അല്ലാതെ അവനു വേറെ അസുഖമൊന്നും വന്നിട്ടില്ല, അത് അവനെയും കൊണ്ടു പോയി :-(


അല്‍‌സേഷ്യന് കൂടുതല്‍ ആജ്ഞകള്‍ അറിയാം. പക്ഷേ പുഴയില്‍ കൊണ്ടു പോയാല്‍ കാലില്‍ വളം‌കടി വരും, വെള്ളത്തിലിറക്കിയാല്‍ ചെവിയില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്, കാലിന്റെ നഖം വെട്ടിയില്ലെങ്കില്‍ അതു വളഞ്ഞു കാലില്‍ കുത്തിക്കേറാന്‍ സാധ്യതയുണ്ട്, അസുഖങ്ങള്‍ വരാന്‍ നാടനേക്കാള്‍ സാധ്യത കൂടുതലുണ്ട്. കൂടുതല്‍ ശ്രദ്ധവേണം. ഒരു എലിയേപ്പോലും പിടിക്കാനറിയില്ല.


എല്ലാവരും ഇപ്പോള്‍ ഇംഗ്ലീഷ് പേരുള്ള അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ പേരുള്ള പട്ടികളെ വാങ്ങാനാണ് താല്പര്യപ്പെടുന്നത്. അതുകൊണ്ട് നമ്മുടെ നാടനും ഒരു പേരു കൊടുത്ത് ഇന്റര്‍നെറ്റിലിടേണ്ടതാണ്. ഇല്ലെങ്കില്‍ അവ കാലക്രമേണ ഇല്ലാതായിപ്പോവാം. വെച്ചൂര്‍ പശുവിനു സംഭവിച്ചതു പോലെ. ഒരു കാലത്ത് ജേഴ്‌സിപശുവിന്റെ രൂപത്തില്‍ വന്ന ക്ഷീരവിപ്ലവമാണല്ലോ വെച്ചൂര്‍ പശുവിനു പാരയായത്. അതു പോലെ അല്‍‌സേഷ്യന്‍, നാടന്‍ പട്ടി ഇല്ലാതാവാ‍ന്‍ കാരണമാവാം.


പട്ടികളുടെ ബുദ്ധിശക്തിയെക്കുറിച്ച്(പെട്ടെന്നു കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവ്) ഇന്റര്‍നെറ്റില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരമാണ്, അവരോഹണക്രമത്തില്‍ 1 Border Collie, 2 Poodle, 3 German Shepherd, 4 Golden Retriever, 5 Doberman Pinscher, 6 Shetland Sheepdog, 7 Labrador Retriever, 8 Papillon, 9 Rottweiler, 10 Australian Cattle Dog


ഈ വിഭാഗത്തിലുള്ള പല പട്ടികളും പെട്ടെന്നു കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവുള്ള പട്ടികളെ നൂറുകണക്കിന് കൊല്ലം സെലക്ടീവ് ബ്രീഡിങ്ങ് നടത്തിയതിനാല്‍ ഉണ്ടായതാണ്.


നാടന്‍ പട്ടിയെ എത്ര പരിശ്രമിച്ചാലും ചില കാര്യങ്ങള്‍ പഠിപ്പിക്കാനാവില്ല. മണം പിടിക്കാനുള്ള കഴിവിലും മറ്റും അല്‍‌സേഷ്യനേക്കാള്‍ വളരെ പുറകിലാണ് നാടന്‍ പട്ടി. ചിലവുകുറക്കലിന്റെ ഭാഗമായി എല്ലാ പട്ടികളും ഒരു പോലെയാണെന്നു പ്രഖ്യാപിച്ചു കുറച്ചു കാലം മുന്‍പ് കേരളാ പോലീസ് നടത്തിയ ഒരു പരീക്ഷണം, പടം സഹിതം മനോരമയില്‍ ഉണ്ടായിരുന്നു. വടി പിടിച്ചു നില്‍ക്കുന്ന പോലീസുകാരനും അയാള്‍ക്കു നേരെ പല്ലിളിച്ചു നില്‍ക്കുന്ന നാടന്‍ പട്ടിയും :-) അവസാനം ആ പട്ടിയെ ഉപേക്ഷിക്കേണ്ടി വന്നു. ഓരൊ ഇനം പട്ടിയും ഓരോ കാര്യങ്ങളില്‍ മറ്റുള്ളവയേക്കാള്‍ നല്ലതാണ്. നാടന്‍ പട്ടിയെ മണം പിടിപ്പിക്കാന്‍ പഠിപ്പിക്കുന്നതും ഡോബര്‍മാനെക്കൊണ്ട് ധ്രുവപ്രദേശത്ത് സ്ലെഡ്ജ് വലിപ്പിക്കാന്‍ നോക്കുന്നതും ഒരു പോലെയാണ്.

പക്ഷേ ബേസിക് ഒബീഡിയന്‍സ് പഠിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ലാത്ത നാടന്‍ പട്ടികളാണ് കേരളത്തിലെ കാലാവസ്ഥക്കും സാധാരണ ആവശ്യങ്ങള്‍ക്കും നല്ലത്.

Thursday, October 4, 2007

കുറച്ചു കടല്‍ക്കാക്കപ്പടങ്ങള്‍ കൂടി
ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.